ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയ…ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാന നഗരമാണ് ഹൈദരാബാദ്. തെലങ്കാനയിൽ സ്ഥിതി ചെയ്യുന്ന ഹൈദരബാദ്, 61 ലക്ഷത്തോളം വരുന്ന ജനസംഖ്യയോടെ, ഇന്ത്യയിലെ ആറാമത് വലിയ മെട്രോ നഗരമാണ്. ചരിത്രപരവും സാംസ്കാരികവും കലാപരവുമായ പാരമ്പര്യത്താൽ വളരെ ശ്രദ്ധേയമായ ഈ നഗരം, ദക്ഷിണേന്ത്യയുടെയും ഉത്തരേന്ത്യയുടെയും ഭൂമിശാസ്ത്രപരവും നാനാവിധ-ഭാഷാ-സംസ്കാരങ്ങളുടെയും സമാഗമബിന്ദുവായും വർത്തിക്കുന്നു. നൈസാമുകളുടെ നഗരം എന്നും അറിയപ്പെടുന്ന ഹൈദരബാദ് ഇന്ത്യയിലെ തന്നെ ഏറ്റവും വികസിതമായ നഗരങ്ങളിലൊന്നാണ്. ഈ നഗരം ഇന്ന് വിവര സാങ്കേതിക വ്യവസായത്തിന്റെയും അനുബന്ധിത തൊഴിലുകളുടെയും ഇന്ത്യയിലെ പ്രധാന താൽപര്യകേന്ദ്രവുമാണ്.